National

അവർ 15 മീറ്റർ അകലെ; ഉത്തര കാശിയിൽ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിൽ

Spread the love

ഉത്തര കാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിലെത്തി. തടസം നീക്കി ഡ്രില്ലിം​ഗ് തുടരാൻ തീവ്രശ്രമം നടക്കുകയാണ്. തുരങ്കത്തിന് സമീപം ആംബുലൻസുകൾ സജ്ജമാണ്. മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഉത്തര കാശിയിൽ ക്യാമ്പ് ചെയ്യുകയാണ്. ഏകദേശം 15 മീറ്ററാണ് ഇനി തുരക്കാനുള്ളത്.

മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്തേക്ക് കടക്കാനാണ് ശ്രമം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും തുരങ്കത്തിലെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. തുരങ്ക അപകടത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കണ്ണുകളിൽ പ്രതീക്ഷയുമായി തലയിൽ ഹെൽമറ്റ് ധരിച്ച തൊഴിലാളികളെ വീഡിയോയിൽ കാണാം.

തൊഴിലാളികളെ രക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് രക്ഷാദൗത്യം. ഈ ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. തുരങ്കത്തിലൂടെ കടത്തിവിട്ട എൻഡോസ്കോപ്പിക് ഫ്ലെക്സി ക്യാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി.

ദുരന്തമുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരിയുമായി നിൽക്കുന്ന തൊഴിലാളികളെ വീഡിയോയിൽ കാണാം. സില്‍ക്യാര തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് 41 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.