Kerala

കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

Spread the love

കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം അനുവദിച്ചു. നഷ്ടപരിഹാര തുക കെട്ടിവെക്കാൻ തയ്യാറായതോടെയാണ് പൊൻകുന്നം സ്വദേശിനി സുലുവിന് ചങ്ങനാശേരി കോടതി ജാമ്യം അനുവദിച്ചത്.

ഇന്നലെയായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശി 26-കാരി സുലുവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിലുണ്ടായിരുന്ന സ്ത്രീകള്‍ കാറിൽ നിന്നും ലിവർ എടുത്ത് ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്തത്.

തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ കെ എസ് ആര്‍ ടി സി ബസിനു നേരെയാണ് ആക്രമണം നടന്നത്. മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി ബസ് കോട്ടയത്ത് വെച്ച് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ റിയര്‍വ്യൂ മിററില്‍ തട്ടുകായിരുന്നു.

കാര്‍ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് മിററില്‍ തട്ടിയതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് വശത്തേക്ക് ഒതുക്കി നിര്‍ത്തിയപ്പോഴാണ് കാറില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഇറങ്ങി വന്നത്.

ആദ്യം ഡ്രൈവറുമായി തർക്കമുണ്ടായി. യാത്രക്കാര്‍ ഇടപെട്ടപ്പോള്‍ ആദ്യം പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കാറില്‍ പോയി ജാക്കി ലിവര്‍ എടുത്തുകൊണ്ട് വന്ന് ലൈറ്റ് അടിച്ച് തകര്‍ക്കുകയുമായിരുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. മുന്‍വശത്തെ രണ്ട് ലൈറ്റുകള്‍ തകര്‍ത്തിട്ടുണ്ട്.

ആലപ്പുഴ രജിസ്ട്രേഷനുള്ള കാറിലാണ് സ്ത്രീകള്‍ സഞ്ചരിച്ചിരുന്നതെന്ന് അപ്പോൾ തന്നെ കണ്ടെത്തിയിരുന്നു. അതിക്രമം നടത്തിയ ശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെട്ടുവെന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആരോപിച്ചിരുന്നു.

ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊന്‍കുന്നം സ്വദേശികളായ സ്ത്രീകളാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശം നല്‍കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.