Wednesday, May 15, 2024
Latest:
Kerala

ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവം; മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവിനെതിരെ കേസ്

Spread the love

ആലുവയിൽ അസഫാക്ക് ആലം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പണം തിരിച്ചു കിട്ടിയതിനാൽ പരാതി ഇല്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടിയുടെ കുടുംബം. എന്നാൽ, പണം തട്ടിയെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതൃത്തത്തിന് ആകെ നാണക്കേടായ സംഭവത്തിൽ കോൺഗ്രസ് സെക്രട്ടറി ഹസീന മുനീറിനെ സസ്പെൻഡ് ചെയ്തു.

നീതീകരിക്കാനാകാത്ത തെറ്റ് എന്ന് ആലുവ എംഎൽഎ അൻവർ സാദത്തും പ്രതികരിച്ചു. ഹസീനയുടെ ഭർത്താവ് മുനീർ കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

മുനീർ ആദ്യം കബളിപ്പിച്ചത് ആലുവ എംഎൽഎ അൻവർ സാദത്തിനെയാണ്. പെൺകുട്ടിയുടെ കുടുംബത്തിന് വാടകയ്ക്ക് വീടെടുക്കാൻ എംഎൽഎ നൽകിയ 20,000 രൂപ മുനീർ മുക്കി. പിന്നീടാണ് കുടുംബത്തെ നേരിട്ട് പറ്റിക്കുന്നത്. തട്ടിപ്പ് അതിക്രൂരവും ഞെട്ടൽ ഉള്ളവാക്കുന്നത് എന്നും മന്ത്രി പി രാജീവ്‌ പ്രതികരിച്ചിരുന്നു.

എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല. പണം തട്ടിയതിനെ ഈ നാട് അംഗീകരിക്കില്ല. കുറ്റക്കാർക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. കോൺഗ്രസ് പാർട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഭർത്താവ് പണം കൈപ്പറ്റിയത് അറിഞ്ഞിട്ടും പൊതുപ്രവർത്തക എന്ന നിലയിൽ ഇടപെടാത്തത്തിന്റെ പേരിലാണ് മഹിളാ കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഹസീന മുനീറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ പണം തിരികെ നൽകി മുനീർ തടിയൂരി. പണം ലഭിച്ചതിനാൽ പരാതിയുമായി മുന്നോട്ടു പോകാൻ ഇല്ലെന്നാണ് കുടുംബത്തിന് നിലപാട്. വിഷയം പരിശോധിക്കുമെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി.