Thursday, June 11, 2026
Kerala

വിയ്യൂർ ജയിലിൽ സംഘർഷം, കൊടി സുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചു; 3 പേർക്ക് പരിക്ക്

Spread the love

തൃശൂർ : വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. വലിയൊരു സംഘർഷം ജയിലിലുണ്ടായെന്നാണ് വിവരം. തിരുവനന്തപുരം ജയിലിൽ നിന്നും അച്ചടക്കനടപടിയെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി, അരുൺ എന്നീ രണ്ട് കൊലക്കേസ് പ്രതികളാണ് രാവിലെ ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. ഓഫീസിലേക്ക് പരാതിയുമായി പോയ അവർ ഇവിടെ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചു. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തു. ജില്ലാ ജയിലിൽ നിന്നും കൂടി ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.