Thursday, May 16, 2024
Latest:
Kerala

ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവർ; ലീഗ് വർഷങ്ങളായി കോൺഗ്രസിനൊപ്പം; കെ.സുധാകരൻ

Spread the love

പലസ്തീൻ വിഷയത്തിൽ സിപിഐഎം സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന മുസ്ലിം ലീ​ഗിന്റെ നിലപാടിനോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തലയ്ക്ക് സുഖമില്ലാത്തോണ്ട് മുസ്ലീം ലീഗിനെ പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്ന് കെ സുധാകരൻ പറഞ്ഞു. യുഡിഎഫിനൊപ്പം എത്ര വർഷത്തെ പാരമ്പര്യമുള്ളതാണ് മുസ്ലീം ലീഗിന്, അവര് ഞങ്ങളെവിട്ടു പോകുമോ എന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് ഇത്രയും കിരാതമായി ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ മുസ്ലീം ലീഗ് തയ്യാറാകുമോ. ഇല്ലെന്ന് ഞങ്ങൾക്ക് അറിയാം. മുസ്ലീം ലീഗിന്റെ ആത്മർഥതയെ ഞങ്ങൾ ബഹുമാനിക്കുന്നവരാണ് ആദരിക്കുന്നവരാണ് ഉൾക്കൊള്ളുന്നവരാണെന്നും യുഡിഎഫ് ഉള്ളകാലം വരെ അത് നിലനിൽക്കുമെന്നും സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കളുടെ പ്രതികരണങ്ങൾ വന്നതോടെ ലീ​ഗ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി അടക്കമുള്ള നേതാക്കൾ, റാലിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും അനുകൂല സൂചന പ്രതികരണങ്ങളിൽ പ്രകടമായിരുന്നു.

സിപിഐഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോൺഗ്രസ് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു.