ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ശ്രീലങ്ക: രോഹിതിൻ്റെ തട്ടകത്തിൽ ഇന്ന് ആവേശപ്പോര്
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ. മുംബൈ വാംഖഡെയിൽ ഉച്ചകഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ യോഗ്യത ലഭിക്കുക.
ആറ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിൻ്റുമായി പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ടൂർണമെൻ്റിലെ കരുത്തരായ ടീം. ടൂർണമെൻ്റിൽ ഇന്നുവരെ പരാജയമറിയാത്ത ഒരേയൊരു ടീം. ടൂർണമെൻ്റിലെ തന്നെ ഏറ്റവും ശക്തമായ ബൗളിംഗ് നിര. മുഹമ്മദ് ഷമി കൂടിയെത്തിയതോടെ ഈ ബൗളിംഗ് നിരയുടെ കരുത്ത് വർധിച്ചിട്ടുണ്ട്. ബാറ്റിംഗിൽ രോഹിത് ശർമ നൽകുന്ന വിസ്ഫോടനാത്മക തുടക്കവും വിരാട് കോലിയുടെ സ്ഥിരതയും മധ്യനിരയിൽ കെഎൽ രാഹുലിൻ്റെ മിന്നും ഫോമും. ഓപ്പണിംഗിൽ ശുഭ്മൻ ഗില്ലും മധ്യനിരയിൽ ശ്രേയാസ് അയ്യരുമാണ് പെരുമയ്ക്കൊത്ത പ്രകടനം നടത്താൻ കഴിയാത്തവർ. ഇതിൽ ശ്രേയാസിൻ്റെ ഷോർട്ട് ബോൾ പ്രശ്നങ്ങൾ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ സൂര്യകുമാർ യാദവ് മികച്ച പ്രകടനം നടത്തിയത് ടീം മാനേജ്മെൻ്റിനു നൽകുന്ന ആശ്വാസം ചെറുതല്ല. ഹാർദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായതിനാൽ ശ്രേയാസ് ടീമിൽ തുടരും. ഇഷാൻ കിഷനെ മധ്യനിരയിൽ കളിപ്പിക്കാനിടയില്ല. ടീമിൽ മാറ്റമുണ്ടായേക്കില്ല.
ഇന്ത്യൻ ടീമിനെ ഒരു താരത്തിൻ്റെ പരുക്കാണ് വലയ്ക്കുന്നതെങ്കിൽ ശ്രീലങ്കയെ പരുക്ക് വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. ടീമിലെ ഏറ്റവും വിലപിടിപ്പുള്ള താരം വനിന്ദു ഹസരങ്ക പരുക്ക് കാരണം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. പിന്നീട്, മൂന്ന് താരങ്ങൾ ലോകകപ്പിനിടെ പരുക്കേറ്റ് മടങ്ങി. 6 കളിയിൽ രണ്ട് ജയം മാത്രമുള്ള ശ്രീലങ്കയ്ക്ക് സെമി ഏറെക്കുറെ അപ്രാപ്യമാണ്. അതുകൊണ്ട് തന്നെ ചാമ്പ്യൻസ് ട്രോഫി പ്രവേശനമെന്ന റിയലിസ്റ്റിക് മോഹമാവും അവർക്കുള്ളത്. ബാറ്റിംഗിൽ പാത്തും നിസങ്കയും ബൗളിംഗിൽ ദിൽശൻ മധുശങ്കയുമാണ് സ്ഥിരതയോടെ കളിക്കുന്നത്. കുശാൽ മെൻഡിസ്, സദീര സമരവിക്രമ എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ട്. വെറ്ററൽ ഏഞ്ചലോ മാത്യൂസിൻ്റെ വരവ് ശ്രീലങ്കയ്ക്ക് ഊർജമായിട്ടുണ്ട്. ലങ്കൻ ടീമിലും മാറ്റമുണ്ടാവില്ല.