Kerala

കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

Spread the love

കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയാണ് ഹാളിന്റെ നാലുഭാഗത്ത് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. പ്രായം ചെന്ന ഒരു സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു കുട്ടിയ്ക്ക് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. ഏഴുപേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.രണ്ടായിരത്തില്‍ അധികം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നാലുഭാഗത്ത് പൊട്ടിത്തെറിയുണ്ടായ സാഹചര്യത്തില്‍ അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്ന് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഫയര്‍ ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പൊലീസും ഫയര്‍ഫോഴ്‌സുമെത്തി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ആളുകളെ പുറത്തേക്ക് എത്തിച്ചു. പുറത്തുനിന്ന് ആളുകള്‍ കണ്‍വെന്‍ഷന്‍ സെന്ററിനകത്തേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിവരികയാണ്. ഹാളിന്റെ ഇടതുഭാഗത്തുനിന്ന് ആദ്യം സ്‌ഫോടന ശബ്ദം കേട്ടെന്നും പിന്നീട് വളരെപ്പെട്ടെന്ന് മൂന്ന് ശബ്ദങ്ങള്‍ കൂടി കേള്‍ക്കുകയും ഹാളിലുണ്ടായിരുന്നവര്‍ ഭയന്നോടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. നിലവില്‍ ആരും ഹാളില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു.

ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഒന്നും ഹാളിലുണ്ടായിരുന്നില്ലെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അടക്കമെത്തി പൊട്ടിത്തെറിയുടെ കാരണം പരിശോധിക്കുകയാണ്. പല സഭകളില്‍ നിന്നെത്തിയ യഹോവ സാക്ഷികളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. യഹോവ സാക്ഷികളുടെ മൂന്ന്ദിന കണ്‍വെന്‍ഷന്റെ അവസാനദിവസമായിരുന്നു ഇന്ന്.