Friday, May 17, 2024
Latest:
Kerala

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

Spread the love

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളികളുടെ വള്ളം തകർന്നുവെന്നും ആക്ഷേപം. ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ വിശദീകരിച്ചു.

ഇന്ന് രാവിലെയാണ് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്. മത്സ്യബന്ധനം ചോദ്യം ചെയ്തപ്പോൾ സംഘം മുതലപ്പൊഴിയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നാണ് പിടികൂടിയതെന്നും മറൈൻ എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ഒരു ചെറുവള്ളം കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം മാത്രമേ ബോട്ട് തിരികെ നൽകാനാകൂ എന്ന് അധികൃതർ അറിയിച്ചു.

അഴിമുഖത്ത് വച്ച് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യബന്ധന ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആരോപണം. അതേസമയം ദൂരപരിധി ലംഘിച്ചുവെന്ന് സമ്മതിക്കുന്ന മത്സ്യത്തൊഴിലാളികൾ, മത്സ്യബന്ധനം നടത്തിയെന്ന മറൈൻ എൻഫോഴ്സ്മെന്റ് ആരോപണങ്ങൾ തള്ളി. വല വിരിക്കുകയോ മീൻ പിടിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതേത്തുടർന്നായിരുന്നു പ്രതിഷേധം.