Thursday, May 16, 2024
Latest:
Sports

ഫുട്ബോള്‍ ഇതിഹാസം സർ ബോബി ചാള്‍ട്ടൺ അന്തരിച്ചു

Spread the love

ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസവും ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ബോബി ചാള്‍ട്ടൺ (86) അന്തരിച്ചു. 1966ൽ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു ചാള്‍ട്ടന്‍. 2020ൽ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകൾ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 വർഷം നീണ്ട കരിയറിൽ 758 മത്സരങ്ങൾ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കിരീടവും എഫ്എ കപ്പും നേടി.

ബോബി മ്യൂണിക്ക് വിമാന ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് താരങ്ങളിലൊരാളാണ്. ബ്രിട്ടനിലെ ആഷിങ്ടണിൽ 1937 ഒക്ടോബർ 11നായിരുന്നു ബോബി ചാള്‍ട്ടന്റെ ജനനം. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ചേർന്നത് 1953 ജനുവരി 1നാണ്. 1956ൽ യുണൈറ്റഡ് കുപ്പായത്തില്‍ ചാള്‍ട്ടന്‍ അരങ്ങേറി. 1958, 1962, 1966, 1970 ലോകകപ്പുകളിൽ ബോബി ഇം​ഗ്ലണ്ടിനായി ജഴ്‌സിയണിഞ്ഞു. 1966ൽ ബാലൺ ഡി ഓർ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡ് 1968ലാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്. അപ്പോൾ ടീമിന്‍റെ ക്യാപ്റ്റൻ മറ്റാരുമായിരുന്നില്ല. സാക്ഷാൽ ബോബി തന്നെയായിരുന്നു. 1970ലെ ലോകകപ്പിനു പിന്നാലെയാണ് അദ്ദേഹം ഇംഗ്ലണ്ടിന്റെ ദേശീയ ടീമിൽ നിന്ന് വിരമിച്ചത്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ബോബിയുടെ റെക്കോർഡ് 2015 സെപ്റ്റംബറിൽ വെയ്‌ന്‍ റൂണി മറികടക്കുംവരെ തകരാതെ നിന്നു. 1973ൽ യുണൈറ്റഡ് ക്ലബില്‍ നിന്നും അദ്ദേഹം ബൂട്ടഴിച്ചു. ക്ലബിന് വേണ്ടി 249 ഗോളുകൾ നേടി. എലിസബത്ത് രാജ്ഞി 1994ൽ അദേഹത്തെ ‘സർ’ പദവി നൽകി ആദരിച്ചു.