Kerala

കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണങ്ങളിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ

Spread the love

കൊച്ചി വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണങ്ങളിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മട്ടാഞ്ചേരി ടെർമിനൽ നിർമ്മാണം സംയബന്ധിതമായി തുടങ്ങുവാൻ പരാജയപ്പെട്ടതിനാൽ കരാർ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാറിൽ നിന്ന് മുൻപ് തന്നെ പിന്മാറിയിരുന്നു എന്നും കെഎംആർഎൽ അറിയിച്ചു.

മട്ടാഞ്ചേരി ടെർമിനലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട റീ-ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമ്മാണത്തിന്റെ ഭാഗമായി മാത്രമാണ് നിർമ്മാണ കരാർ ഏറ്റെടുത്ത മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആർ കെ മഷീൻ ടൂൾസ് ലിമിറ്റഡിന് ചില ജോലികൾ സബ് കോൺട്രാക്റ്റ് നൽകിയതായി കെഎംആർഎല്ലിന് അറിവുള്ളത്. മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിന് നിർമ്മാണ കരാർ നൽകിയിട്ടുള്ള മറ്റ് ടെർമിനലുകളിൽ ഒന്നും തന്നെ ആരോപണ വിധേയരായ കമ്പനിക്ക് സബ് കോൺട്രാക്റ്റ് നൽകിയതായി അറിവുള്ളതല്ല. ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കെഎംആർഎൽ, ജനറൽ കൺസൾട്ടന്റ് ആയ എഇകോം എന്നിവയിലെ ഉദ്യോഗസ്ഥരുടെ മേൾനോട്ടത്തിലാണ് നിർമ്മാണം. നിർമ്മാണത്തിൽ അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ കരാർ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് മുഖാന്തരം അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കെഎംആർഎൽ പറയുന്നു.

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു. ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമ്മാണം. ടെർമിനലിന്റെ റാഫ്റ്റുകളിൽ വളവ് കണ്ടെത്തിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന റെക്കോർഡ് പിന്നിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഗുരുതര ആക്ഷേപം. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.

മൂവാറ്റുപുഴ ആസ്ഥാനമായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ടെർമിനൽ നിർമ്മാണത്തിന് കരാർ എടുത്തത്. പിന്നീടിത് പഞ്ചാബിലെ ലുധിയാന ആസ്ഥാനമായ ആർ.കെ.മെഷീൻ ടൂൾസ് എന്ന കമ്പനിക്ക് ഉപകരാർ നൽകി. ഇവർ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. ആകെ രണ്ടര കോടിയിലേറെ രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്.