Sunday, February 16, 2025
Kerala

പ്ലസ്ടു പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റു; വിദ്യാർത്ഥി ജീവനൊടുക്കി

Spread the love

ദില്ലി: പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കിഴക്കൻ ദില്ലിയിലെ ലക്ഷ്മി നഗറിലാണ് പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റതിനെ തുടർന്ന് 16 വയസ്സുള്ള ആൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം. അർജുൻ സക്‌സേന എന്ന വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. വാടകയ്ക്ക് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു.

മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ സക്‌സേന 12-ാം ക്ലാസ് പരീക്ഷയ്‌ക്കൊപ്പം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കൂടിയാണ് ദില്ലിയിൽ എത്തിയത്. എന്നാൽ നിർഭാ​ഗ്യവശാൽ രണ്ട് വിഷയങ്ങളിൽ വിദ്യാർത്ഥി പരാജയപ്പെടുകയായിരുന്നു. പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചത് മൂതൽ കുട്ടി വിഷാദാവസ്ഥയിലായിരുന്നുവെന്ന് ഒപ്പം താമസിക്കുന്നവർ പറയുന്നു.

വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.