Kerala

ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി; ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

Spread the love

ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പ് തീരുമാനം. വധക്കേസുകളിലും ക്വട്ടേഷൻ കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ആദ്യം കാപ്പ ചുമത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

തുടർന്ന് ആകാശിനെ വിയ്യൂർ ജയിലിൽ അടച്ചു. ആറ് മാസം തടവ് പൂർത്തിയാക്കി ഓഗസ്റ്റ് 27ന് ആകാശ് പുറത്തിറങ്ങി. സെപ്തംബർ 13ന് കണ്ണൂരിലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനിടെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

വിയ്യൂരിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദിച്ച കേസ് ചൂണ്ടിക്കാട്ടിയായിരുന്നു കാപ്പ ചുമത്തൽ. ഇതിനെതിരെ കുടുംബം നൽകിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയുളള തീരുമാനം.

ജയിലിന് അകത്ത് നടന്ന സംഭവമായതിനാൽ കാപ്പ ചുമത്താൻ കേസ് പര്യാപ്തമല്ലെന്നാണ് സെപ്തംബർ 27ന് ഇറക്കിയ ഉത്തരവിലുളളത്. ഇതോടെ ആകാശ് ജയിൽ മോചിതനായി. മകളുടെ പേരിടൽ ചടങ്ങിനിടെ ആകാശിനെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു