കാണാതായ വാച്ചർ രാജനായി തമിഴ്നാട്ടിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചു

Spread the love

സൈലന്റ് വാലി വനത്തിൽ കാണാതായ വാച്ചർ രാജനായുള്ള തെരച്ചിൽ തമിഴ്നാട്ടിലേക്കും . മുക്കൂത്തി നാഷണൽ പാർക്കിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചു. സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡന്റെ ആവശ്യപ്രകാരമാണ് തെരച്ചിൽ. അടുത്ത ചൊവ്വാഴ്ച വരെ വനത്തിനകത്തുള്ള തെരച്ചിൽ തുടരാനാണ് തീരുമാനം.

പ്രദേശത്താകെ സ്ഥാപിച്ച മുപ്പതോളം ക്യാമറകൾ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഒറ്റപ്പെട്ട ഗുഹകൾ, പാറക്കെട്ടുകൾ, മരപ്പൊത്തുകൾ എന്നിവിടങ്ങളിലാണ് 150 ഓളം വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. രാജന്‍റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മെയ് മൂന്നിനാണ് ഭക്ഷണം കഴിച്ച് താമസ സ്ഥലത്തേക്ക് മടങ്ങവെ രാജനെ കാണാതായത്. മുണ്ടും, ടോർച്ചും ചെരിപ്പും, രണ്ടുനാൾ കഴിഞ്ഞ രാജന്‍റെ ഫോണും കണ്ടെത്തിയിരുന്നു. വനമേഖലയിൽ വനംവകുപ്പ് പരിശോധന നടത്തിയിട്ടും എവിടെയും വന്യജീവി ആക്രമണം നടന്നതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ല. രാജൻ്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.