Thursday, May 16, 2024
Latest:
Kerala

മഴക്കെടുതി; കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെ.സുധാകരൻ

Spread the love

സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കോൺഗ്രസ് പ്രവർത്തകരെ കൂടാതെ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും സേവാദളിന്റെയും പ്രവർത്തകർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്നും സുധാകരൻ നിർദ്ദേശിച്ചു.

തിരുവനന്തപുരത്ത് രാത്രിയിലുടനീളം മഴയായിരുന്നു. തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിലെ റോഡുകൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകൾ വെള്ളിത്തിലാണ്. രാത്രി ഒരു മണി മുതൽ വീടുകളിൽ വെള്ളം കയറിയെന്ന് നാട്ടുകാർ പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് കളക്ടർ നിർദേശം നൽകി.

താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.