Kerala

കാട്ടാന നാട്ടിൽ തന്നെ; മാട്ടറ ചോയിമടയിലെ തോട്ടത്തിൽ തുടരുന്നു, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

Spread the love

കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ ഇറങ്ങിയ കാട്ടാന നാട്ടിൽ തന്നെയെന്ന് സംശയം. വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വിവരം. കാട്ടാന ഇപ്പോഴുള്ളത് മാട്ടറ ചോയിമടയിലെ തോട്ടത്തിലെന്നാണ് നിഗമനം. ഇതും കാടിനോട് ചേർന്ന പ്രദേശമാണ്. വെളിച്ചം വീണാൽ കൃത്യമായി അറിയാമെന്നാണ് വനം വകുപ്പ് പറയുന്നത്. ആനയെ നിരീക്ഷിച്ചു വരികയാണ്

കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാന നിലയുറപ്പിച്ചത്. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്. അതിനാല്‍ തന്നെ കാട്ടാനയെ പെട്ടെന്ന് വനത്തിലേക്ക് തുരത്തല്‍ വെല്ലുവിളിയായിരുന്നു.

കാട്ടാനയെ മയക്കുവെടിവെക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകൾ അടച്ചിരുന്നു. വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകൾക്കും അവധിയും നല്‍കിയിരുന്നു. ഏറെ പണി പെട്ട് രാത്രിയാണ് ആനയെ കാട്ടിലേക്ക് കയറ്റി വിട്ടത്. എന്നാൽ ആന കാട് കയറിയിട്ടില്ലെന്നും ജനവാസമേഖലയിൽ തുടരുകയാണെന്നുമാണ് പുതിയ വിവരം.