Sports

ഏഷ്യൻ ഗെയിംസ്: 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

Spread the love

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി.

സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4 മിനിറ്റ് 34.861 സെക്കൻഡ് കൊണ്ടാണ് ഇന്ത്യൻ വനിതകൾ മത്സരം പൂർത്തിയാക്കിയാക്കിയത്. 4 മിനിറ്റ് 19.447 സെക്കൻഡിൽ ചൈനീസ് തായ്പേയ് സ്വർണം നേടിയപ്പോൾ ദക്ഷിണ കൊറിയ 4 മിനിറ്റ് 21.146 സെക്കൻഡിൽ വെള്ളി നേടി.

പുരുഷ റിലേ ടീമില്‍ ആര്യൻപാൽ സിംഗ് ഘുമാൻ, ആനന്ദ്കുമാർ വേൽകുമാർ, സിദ്ധാന്ത് കാംബ്ലെ, വിക്രം ഇംഗലെ എന്നിവരാണ് ഉള്‍പ്പെട്ടത്. 4:10.128 സെക്കൻഡിൽ ഇന്ത്യൻ താരങ്ങൾ മത്സരം പൂർത്തിയാക്കി. ചൈനീസ് തായ്പേയ് (4:05.692), ദക്ഷിണ കൊറിയ (4:05.702) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും നേടി. 2010ലെ ഗ്വാങ്‌ഷൂ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഫ്രീ സ്കേറ്റിംഗിലും ജോഡി സ്കേറ്റിംഗിലും ഇന്ത്യൻ റോളർ സ്കേറ്റർമാർ രണ്ട് വെങ്കല മെഡലുകൾ നേടിയിരുന്നു.

അതേസമയം പുരുഷന്മാരുടെ ഹൈജംപില്‍ സര്‍വേശ് അനില്‍ കുശാരെ, ജെസ്സി സന്ദേശ് എന്നിവര്‍ ഫൈനലിലെത്തി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ രണ്ട് മിക്‌സ്ഡ് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 100 മീറ്റര്‍ ഡെക്കാത്തലണില്‍ ഇന്ത്യയുടെ തേജശ്വിന്‍ ശങ്കര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.