Sports

25 റൺസെടുക്കുന്നതിനെ നഷ്ടമായത് ആറ് വിക്കറ്റ്; ഗുജറാത്തിനെതിരെ കഷ്ടിച്ചുജയിച്ച് ആർസിബി

Spread the love

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. നാല് വിക്കറ്റിനാണ് ആർസിബി വിജയിച്ചത്. 148 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആർസിബി 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 64 റൺസ് നേടിയ ഫാഫ് ഡുപ്ലെസി ആർസിബിയുടെ ടോപ്പ് സ്കോററായി. ഗുജറാത്തിനായി ജോഷ്വ ലിറ്റിൽ നാല് വിക്കറ്റ് വീഴ്ത്തി.

നെറ്റ് റൺ റേറ്റ് കൂടി കണക്കിലെടുത്ത് ആക്രമണം അഴിച്ചുവിട്ട ആർസിബി ഓപ്പണർമാർ ശരവേഗത്തിലാണ് സ്കോർ ചെയ്തത്. വെറും 18 പന്തിൽ ഡുപ്ലെസി ഫിഫ്റ്റി തികച്ചു. പവർ പ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ ഡുപ്ലെസിയെ (23 പന്തിൽ 64) ജോഷ്വ ലിറ്റിൽ പുറത്താക്കിയതോടെ ആർസിബിയുടെ തകർച്ച ആരംഭിച്ചു. 92 റൺസിലായിരുന്നു ആദ്യ വിക്കറ്റ് നഷ്ടമായത്. വിൽ ജാക്ക്സ് (1) നൂർ അഹ്മദിൻ്റെ ഇരയായപ്പോൾ രജത് പാടിദാർ (2), ഗ്ലെൻ മാക്സ്‌വൽ (4) കാമറൂൺ ഗ്രീൻ (1) എന്നിവർ വമ്പൻ ഷോട്ടിനു ശ്രമിച്ച് ലിറ്റിലിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 27 പന്തിൽ 42 റൺസ് നേടിയ വിരാട് കോലിയെ നൂർ വീഴ്ത്തിയതോടെ ആർസിബി പരാജയം മുന്നിൽ കണ്ടു.

എന്നാൽ, ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ദിനേഷ് കാർത്തികും സ്വപ്നിൽ സിംഗും ചേർന്ന് ആർസിബിയെ മറ്റ് പരുക്കുകളില്ലാതെ വിജയിപ്പിച്ചു. തുടക്കത്തിൽ ദിനേഷ് കാർത്തിക് ആക്രമണ റോൾ ഏറ്റെടുത്തപ്പോൾ സാവധാനം ബൗണ്ടറി ഷോട്ടുകൾ കണ്ടെത്തിയ സ്വപ്നിൽ സ്വപ്നിൽ സിംഗും തിളങ്ങി. റാഷിദിനെ സിക്സറിനു പറത്തി സ്വപ്നിലാണ് വിജയറൺ കുറിച്ചത്. 35 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിൽ കാർത്തിക് 12 പന്തിൽ 21 റൺസ് നേടിയും സ്വപ്നിൽ 9 പന്തിൽ 15 റൺസ് നേടിയും പുറത്താവാതെ നിന്നു. ജയത്തോടെ 11 കളിയിൽ 8 പോയിൻ്റുമായി ആർസിബി ഏഴാം സ്ഥാനത്തെത്തി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറിൽ 147 റൺസിന് ഓളൗട്ടായി. 3 വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിൽ പതറിയ ഗുജറാത്തിനെ മധ്യനിരയാണ് മാന്യമായ സ്കോറിലെത്തിച്ചത്. 37 റൺസ് നേടിയ ഷാരൂഖ് ഖാനാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ.