Kerala

മകൾക്ക് പേരിടുന്നതിലും മാതാപിതാക്കൾക്ക് രണ്ടഭിപ്രായം, ‘പേരന്റ്സ് പാട്രിയ’ ഉപയോ​ഗിച്ച് പേരിട്ട് ഹൈക്കോടതി

Spread the love

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കോടതി രക്ഷിതാവ് കൂടിയാണ്. അത് കൂടി ഉൾപ്പെടുന്ന അധികാരമാണ് ‘പേരന്റ്സ് പാട്രിയ’. ഇപ്പോഴിതാ ആ അധികാരം ഉപയോ​ഗിച്ച് കൊണ്ട് ഒരു കുട്ടിക്ക് പേരിട്ടിരിക്കുകയാണ് ഹൈക്കോടതി. വേർപിരിഞ്ഞ് താമസിക്കുന്ന അച്ഛനും അമ്മയ്‍ക്കും കുട്ടിയുടെ പേരിന്റെ കാര്യത്തിലും ഒത്തൊരുമിച്ച് ഒരു തീരുമാനത്തിൽ എത്താൻ സാധിച്ചില്ല. ഇതേ തുടർന്നാണ് കോടതി തന്നെ കുഞ്ഞിന് പേരിട്ടത്.

നാലുവയസുകാരിയായ കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. കുട്ടിയെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയപ്പോൾ അവിടെ നിന്നും കുട്ടിക്ക് പേരുള്ള ജനന സർട്ടിഫിക്കറ്റ് തന്നെ വേണം എന്ന് പറഞ്ഞു. പിന്നാലെ, അമ്മ ഒരു പേര് കണ്ടെത്തുകയും അത് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പക്ഷേ, അതിന് അച്ഛനും അമ്മയും ഹാജരാകണമെന്നായിരുന്നു രജിസ്ട്രാര്‍ പറഞ്ഞത്.

എന്നാൽ, കുട്ടിയുടെ പേരിന്റെ കാര്യത്തിലും അമ്മയ്ക്കും അച്ഛനും ഒരു തീരുമാനത്തിൽ എത്താൻ സാധിച്ചില്ല. അക്കാര്യത്തിലും ഇരുവരും ഭിന്നാഭിപ്രായത്തിലായി. ശേഷം കുട്ടിയുടെ അമ്മ കുടുംബകോടതിയെ സമീപിച്ചു. അവിടെ നിന്നും നടപടിയൊന്നും തന്നെ ഉണ്ടായില്ല. തുടർന്നാണ് അവർ ഹൈക്കോടതിയിൽ എത്തിയത്. കുട്ടിക്ക് പേരില്ലാത്തത് അവളുടെ ക്ഷേമത്തിന് നല്ലതല്ല എന്നായിരുന്നു ഇക്കാര്യത്തിൽ‌ കോടതിയുടെ നിരീക്ഷണം.

അങ്ങനെ, പേരന്റ്സ് പാട്രിയ അധികാരം ഉപയോ​ഗിച്ച് കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ കുട്ടിക്ക് പേരിടുകയായിരുന്നു. അമ്മ നിർദ്ദേശിച്ച പേരിന്റെ കൂടെ അച്ഛന്റെ പേര് കൂടി കൂട്ടിയാണ് കുട്ടിക്ക് കോടതി പേരിട്ടിരിക്കുന്നത്. പേരന്റ്സ് പാട്രിയ അധികാരം ഉപയോ​ഗിക്കുമ്പോൾ അവിടെ മാതാപിതാക്കൾക്കല്ല, മറിച്ച് കുട്ടിക്കാണ് പ്രാധാന്യം എന്നും കോടതി നിരീക്ഷിച്ചു. അമ്മയുടെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത് എന്നതിനാലാണ് അമ്മ നിർദ്ദേശിച്ച പേര് സ്വീകരിച്ചത്. പേര് രജിസ്റ്റർ ചെയ്യണമെന്ന് രജിസ്ട്രാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.