Kerala

കരുവന്നൂരിൽ പുതിയ പോര്‍മുഖം; ഇ പിയുടെ തുറന്നുപറച്ചിലിൽ പുകഞ്ഞ് സിപിഎം, ഒറ്റപ്പെട്ട ശബ്ദമല്ലെന്ന് വിലയിരുത്തൽ

Spread the love

തിരുവനന്തപുരം : കരുവന്നൂരിൽ ഇപി ജയരാജൻ നടത്തിയ തുറന്നുപറച്ചിലിൽ നീറിപ്പുകഞ്ഞ് സിപിഎം. പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിൽ ഏറ്റെടുക്കാനോ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശബ്ദമല്ല അതെന്ന തിരിച്ചറിവിലാണ് തുടര്‍ നടപടികൾ. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും തുടക്കമായിട്ടുണ്ട്.

സഹകരണത്തിൽ തോറ്റാൽ കാൽചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഎം ഇഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയിൽ ആരോപണം ആവര്‍ത്തിച്ചുയർത്തിയിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരിൽ തെറ്റിയത് പാര്‍ട്ടിക്കാണെന്ന ഇപിയുടെ തുറന്ന് പറ‌ച്ചിൽ നേതൃത്വത്തിന് വലിയ അടിയായി. തിരുത്തേണ്ടവര്‍ തിരുത്തിയില്ലെന്ന് കൂടി പറഞ്ഞതോടെ ഒരു പടികൂടി കടന്ന് അത് മുതിര്‍ന്ന നേതാക്കളെ ലക്ഷ്യം വയ്ക്കുന്ന കുറ്റപത്രവുമായി. എംവി ഗോവിന്ദൻ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ അന്ന് മുതൽ നേതൃത്വത്തോട് ഉടക്കി , ഇണങ്ങിയും പിണങ്ങിയും നിന്ന ഇപി ജയരാജൻ കരുവന്നൂരിൽ പുതിയ പോര്‍മുഖം തുറക്കുകയാണ്. പാര്‍ട്ടിക്കകത്തെ പുകച്ചിൽ ഏറ്റു പിടിക്കാനോ പരസ്യപ്രതികരണത്തിനോ പക്ഷെ നേതാക്കളാരും തയ്യാറല്ല.