Kerala

പനവല്ലിയിൽ കൂട്ടിലായ കടുവയെ കാട്ടിൽ വിടില്ലെന്ന് തീരുമാനം; മൃഗപരിപാലന കേന്ദ്രത്തിൽ സംരക്ഷിക്കും

Spread the love

വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ കാട്ടിൽ വിടില്ലെന്ന് തീരുമാനം. വനവകുപ്പിന് കീഴിലുള്ള കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ കടുവയെ സംരക്ഷിക്കും. മൃഗപരിപാലന കേന്ദ്രത്തിൽ കടുവകളുടെ എണ്ണം പരമാവധി ആയതിനാൽ രണ്ടു കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി.

വനംവകുപ്പിന്റെ വിദഗ്ധസമിതി യോഗം ചേർന്നാണ് കടുവയെ കാട്ടിൽ വിടേണ്ട എന്ന തീരുമാനമെടുത്തത്.. നേരത്തെ പിടികൂടി കാട്ടിലയച്ച നോർത്ത് വയനാട് 5 എന്ന കടുവ തന്നെയാണ് കൂട്ടിലായത് എന്ന് സ്ഥിരീകരിച്ചു. കടുവയുടെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വലതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ട്.. ഈ സാഹചര്യത്തിലാണ് കാട്ടിലേക്ക് അയക്കേണ്ടന്ന തീരുമാനമെടുത്തത്. പനവല്ലി നിവാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് തീരുമാനം.അതേസമയം കടുവയെ എത്തിച്ച കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ കടുവുകളുടെ എണ്ണം ഏഴായി.

എണ്ണം പരമാവധി ആയ സാഹചര്യത്തിൽ രണ്ടു കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ നടപടി തുടങ്ങി. തൃശൂർ പുത്തൂരിൽ മൃഗശാല തുടങ്ങുന്ന ഘട്ടത്തിൽ കടുവകളെ മാറ്റുന്ന കാര്യം പരിഗണിക്കും. അതേസമയം കടുവാ സാന്നിദ്ധ്യം സ്ഥിരീകരിച്ച ബത്തേരി വാകേരിയിൽ വനം വകുപ്പ് കൂട് സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. വനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ പ്രദേശം സന്ദർശിച്ചു.