Kerala

നിയമനക്കോഴ വിവാദം;’പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തീരുമാനിക്കും’; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

Spread the love

ആയുഷ് മിഷന്‍ കീഴില്‍ താത്കാലിക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തില്‍ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തീരുമാനിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. ഹരിദാസിന്റെ മൊഴി എടുക്കുന്നതോടെ സത്യം പുറത്ത് വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഹരിദാസ് ആര്‍ക്കൊക്കെ പണം നല്‍കിയെന്ന് പറയുന്നുവോ അവരെക്കുറിച്ചെല്ലാം അന്വേഷിക്കുമെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.

അതേസമയം ഹരിദാസ് ഇതുവരെ പരാതി നല്‍കയിട്ടില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ പരാതിക്കാരനാണെന്ന് മനസിലായതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. എഫ്‌ഐആറില്‍ ഹരിദാസ് ഒരാള്‍ക്ക് പണം നല്‍കിയെന്ന് മാത്രമേ വിവരം ലഭിച്ചിട്ടുള്ളൂ. മറ്റു വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സംഘം മലപ്പുറത്തേക്ക് തിരിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അഖില്‍ മാത്യുവിന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഇമെയില്‍ വഴിയാണ് അഖില്‍ മാത്യുവിന്റെ പരാതി ലഭിച്ചത്. പരാതി ലഭിച്ച ഇന്നലെത്തന്നെ അഖില്‍ മാത്യുവിന്റെ മൊഴിയെടുത്തു.