‘വിധി പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ തീയിട്ടു കൊല്ലും’; മുൻ ജഡ്ജിക്കും കുടുംബത്തിനും വധഭീഷണി; മകളെ ലണ്ടനിൽ മർദിച്ചു
മുംബൈ∙ ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതൃത്വവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി പ്രസ്താവിച്ച ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജി.എസ്.പട്ടേലിനും കുടുംബത്തിനും നേരെ 10 മാസമായി ഭീഷണിയെത്തുന്നതായി പരാതി. കുടുംബാംഗങ്ങളെ മർദിച്ചതായും പരാതിയിലുണ്ട്. ദാവൂദി ബോറ സമുദായത്തിന്റെ തലവനായി സയ്യിദ്ന മുഫദ്ദൽ സൈഫുദ്ദീനെ നിയമിച്ചതു ശരിവച്ച് 2024ൽ ജസ്റ്റിസ് പട്ടേൽ വിധി പ്രഖ്യാപിച്ചിരുന്നു. വിധി തെറ്റാണെന്നും പിൻവലിക്കണമെന്നും ജഡ്ജി മാപ്പ് പറയുന്ന വിഡിയോ വേണമെന്നുമാണു ഭീഷണി ഉയർത്തുന്നവരുടെ ആവശ്യം.ഏപ്രിൽ 22നു മുഖംമൂടി ധരിച്ച ഒരാൾ ലണ്ടനിലെ തെരുവിൽ വച്ച് ജസ്റ്റിസ് പട്ടേലിന്റെ മകളെ ക്രൂരമായി മർദിക്കുകയും മൂക്കിനു പരുക്കേൽപിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ വസതിയിലേക്കും ലണ്ടനിലുള്ള മകളുടെ വീട്ടിലേക്കും ഒട്ടേറെ തവണ അജ്ഞാതരുടെ ഭീഷണിക്കത്തുകൾ ലഭിച്ചിട്ടുണ്ട്. 5നു മകൾക്കു ലഭിച്ച കത്തിൽ കുടുംബത്തെ മുഴുവൻ തീയിട്ടു കൊല്ലുമെന്ന ഭീഷണിയുണ്ട‌്. ലണ്ടൻ പൊലീസും യുകെയിലെ ഭീകരവിരുദ്ധസേനയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുംബൈയിലും പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, ദാവൂദി ബോറ സമുദായത്തിന്റെ തലവനായി സയ്യിദ്ന മുഫദ്ദൽ സൈഫുദ്ദീനെ നിയമിച്ചതിനെ എതിർക്കുന്ന താഹെർ ഫക്രുദ്ദീന്റെ അനുയായികൾ ഭീഷണികളെയും ആക്രമണങ്ങളെയും ശക്തമായി അപലപിച്ചു. തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണു ഭീഷണിയെന്നാണ് അവരുടെ ആരോപണം.
