സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം വിവിധ മേഖലകളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത.
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴയാകും ലഭിക്കുക. 10 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലയിൽ ശക്തമായ കാറ്റ് വീശിയേക്കും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാനാണ് സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
