Uncategorized

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കലൂര്‍ പിഎംഎല്‍എ കോടതി

Spread the love

 

തൃശൂര്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കും തിരിച്ചടി. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കലൂര്‍ പിഎംഎല്‍എ കോടതി. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍, എ സി മൊയ്തീന്‍, എം എം വര്‍ഗീസ് അടക്കമുള്ള 28 പ്രതികള്ക്ക് കോടതി നോട്ടീസയച്ചു.

 

 

ബിഎന്‍എസ് പ്രകാരം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതികള്‍ക്ക് അവരുടെ ഭാഗം പറയാന്‍ അവസരമുണ്ട്. അത്തരത്തില്‍ കരുവന്നൂര്‍ കേസിലെ 28 പ്രതികള്‍ തങ്ങള്‍ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയില്‍ വാദിച്ചു. കെ രാധാകൃഷ്ണന്‍, എ സി മൊയ്ദീന്‍, എം എം വര്‍ഗീസ് അടക്കമുള്ളവരാണ് ഈ വാദം ഉന്നയിച്ചത്. എന്നാല്‍, കോടതി തള്ളി. പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ടിയാല്‍ തെളിവുകള്‍ ഉണ്ടെന്നും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്. അടുത്തമാസം നാലിന് നേരിട്ട് ഹാജരാകാന്‍ ആണ് നിര്‍ദ്ദേശം.

 

സഹകരണ ബാങ്കില്‍ തട്ടിപ്പ് നടക്കുന്ന വിവിധ കാലയളവില്‍ തൃശൂര്‍ സിപിഐഎം ജില്ല സെക്രട്ടറിമാരായിരുന്നു കെ രാധാകൃഷ്ണന്‍, എ സി മൊയ്ദീന്‍, എം എം വര്‍ഗീസ് എന്നിവര്‍. സിപിഐഎം പാര്‍ട്ടിയുടെ പേരും പ്രതി പട്ടികയിലുണ്ട്. ആകെ 83 പ്രതികളാണ് ഉള്ളത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്.128 കോടി രൂപ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയിരുന്നു.