അട്ടപ്പാടി മധു കൊലപാതക കേസ്: പ്രതികളുടെയും സർക്കാരിന്റെ അപ്പീലുകളിൽ വിധി ഇന്ന്
അട്ടപ്പാടി മധു കൊലപാതക കേസിൽ പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിൽ ഇന്ന് ഹൈക്കോടതി വിധി പറയും. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. ഹൈക്കോടതിയിലൂടെ തങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മധുവിന്റെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി തല്ലിക്കൊന്നു. പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. 2018 മെയ് 20-ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. പക്ഷേ കേസിന്റെ മുന്നോട്ടു പോക്ക് പതുക്കെയായി.നാലുവർഷത്തിലേറെയെടുത്തു വിചാരണ തുടങ്ങാൻ. പോലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ വിചാരണ കോടതിയിൽ സ്ഥിരം ജഡ്ജി ഉണ്ടായിരുന്നില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ ആദ്യം അലംഭാവം കാണിച്ചു. പിന്നീട് നാലു സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കേണ്ടിവന്നു. കൂട്ട കൂറുമാറ്റങ്ങളുണ്ടായി. സംഭവം നടന്ന് അഞ്ചുവർഷത്തിന് ശേഷം, 2023 ഏപ്രിൽ അഞ്ചിന് കേസിൽ കോടതി ശിക്ഷാവിധി പറഞ്ഞു. 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതി കണ്ടെത്തി. നാലാം പ്രതി അനീഷിനെയും 11-ാം പ്രതി അബ്ദുൾ കരീമിനെയുമാണ് വെറുതെ വിട്ടത്.
13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി. ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് കൊലപാതകക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നൽകണമെന്നും, വെറുതെ വിട്ട പ്രതികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി അപ്പീൽ നൽകിയിരുന്നു. 16 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിൽ 12 പേർ ഇപ്പോഴും ജയിലിലാണ്.
