Uncategorized

സിൽവർലൈൻ ദോഷകരമായ പദ്ധതിയെന്ന് പിണറായി സർക്കാരും; ഒടുവിൽ കുറ്റസമ്മതം

Spread the love

 

തിരുവനന്തപുരം ∙ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ വേണ്ടതും പരിസ്ഥിതിലോല മേഖലകളിൽ ആഘാതമുണ്ടാക്കുന്നതുമായിരുന്നു സിൽവർലൈൻ വേഗ റെയിൽ പദ്ധതിയെന്ന് ഭരണം അവസാനിക്കുന്നതിനു തൊട്ടുമുൻപ് പിണറായി സർക്കാരും സമ്മതിച്ചു. സിൽവർലൈനിനു പകരം റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരിനു നൽകിയ സാധ്യതാ റിപ്പോർട്ടിലാണ് ഈ കുറ്റസമ്മതം.

 

പദ്ധതി 10,000 കുടുംബങ്ങളെ ബാധിക്കുകയും ഭൂമിയേറ്റെടുക്കൽ മൂലം ഉപജീവന നഷ്ടത്തിനു കാരണമാകുകയും ചെയ്യുമായിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഇത്രനാളും വാദിച്ചതുപോലെ, കേന്ദ്രത്തിന്റെ എതിർപ്പു മാത്രമല്ല സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നു വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.ആർആർടിഎസിനു കുറഞ്ഞത് 1.93 ലക്ഷം കോടി രൂപ വേണമെന്നും റിപ്പോർട്ടിലുണ്ട്. ഏതാണ്ടു സംസ്ഥാന ബജറ്റിനു തുല്യമാണിത്. 1.15 ലക്ഷം കോടി വായ്പയെടുക്കുകയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 38,566 കോടി രൂപ വീതം മുടക്കുകയും വേണം. സിൽവർലൈനിന് 63,940 കോടി രൂപയായിരുന്നു വിശദ പദ്ധതിരേഖയിൽ (ഡിപിആർ) പറഞ്ഞ ചെലവ്. അതേസമയം, നിതി ആയോഗ് 1.26 ലക്ഷം കോടി ചെലവു കണക്കാക്കിയിരുന്നു.

 

അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുമെന്നു യുഡിഎഫ് പ്രകടനപത്രികയിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആർആർടിഎസാണ് ഉദ്ദേശിക്കുന്നതെങ്കിൽ സാമ്പത്തികബാധ്യത പുതിയ സർക്കാരിനു വെല്ലുവിളിയാകും. ഭൂമിയേറ്റെടുക്കാൻ കിലോമീറ്ററിനു ശരാശരി 30 കോടി രൂപ വേണം. നഗരസഭകളിൽ സെന്റിന് 15 ലക്ഷം രൂപയും പഞ്ചായത്തിൽ സെന്റിന് 6 ലക്ഷം രൂപയുമാണ് ഏകദേശ വില കണക്കാക്കിയിരിക്കുന്നത്.സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ പെരുവ മുളക്കുളം സ്വദേശി എം.ടി.തോമസിനാണ്, വിവരാവകാശ നിയമപ്രകാരം പലതവണ അപേക്ഷിച്ചശേഷം റിപ്പോർട്ടിന്റെ പകർപ്പ് ഗതാഗത വകുപ്പ് നൽകിയത്.