‘സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ല; രാത്രി 9 മുതൽ 11 വരെ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണം’, മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് പവർകട്ടില്ല, ഉപഭോഗം വർധിക്കുന്നതിനാൽ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണ്. രാത്രി 9 മുതൽ രാവിലെ 11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാൽ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.
രാത്രി 9 മുതൽ 11 വരെ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം, വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നത്,പകൽ സമയങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തിൽ ചെറിയ അളവിൽ നിയന്ത്രണം ആവശ്യമാണ്. എങ്കിൽ മാത്രമേ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുകയുളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം ഉയർന്ന നിരക്കിൽ തുടരുകയാണ്. 5654 മെഗാവാട്ട് ആണ് വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത. ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിൽ ആശങ്കയുണ്ട്. സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളിൽ വൈദ്യുതി ഉത്പാദനത്തിന് അവശേഷിക്കുന്നത് 31.48 % ജലം . ഇതുകൊണ്ട് ഉത്പാദിപ്പിക്കാൻ ആകുന്നത് 1303.53 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും. വേനൽ മഴ കനിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിൽ ആകും.
കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കൾക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെ എസ് ഇ ബി.
വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കുന്നത്.
ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ വൈകുന്നേരം 6നും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, എ സി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും വൈകുന്നേരം 6 മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിൽ ക്രമീകരിക്കണമെന്നും എ സിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങൾ ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെ എസ് ഇ ബി അറിയിച്ചു.
