Friday, June 5, 2026
Latest:
Uncategorized

‘സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യം’; രാഹുല്‍ ഗാന്ധി

Spread the love

വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് ദീപക്കെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ ദീപക് കുമാര്‍ എന്ന യുവാവിന് പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും അദ്ദേഹം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നും വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. ദീപക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.ഉത്തരാഖണ്ഡ് സ്വദേശിയായ ദീപക് ഇന്ത്യയുടെ ഹീറോയാണ്. ബിജെപിയും സംഘപരിവാറും ദിനംപ്രതി ചവിട്ടിമെതിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടി ദീപക് പോരാടുകയാണ്. വെറുപ്പിന്റെ വിപണിയിലെ സ്‌നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് ദീപക്. ഇതാണ് അവരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. ഇന്ത്യ വിഭജിക്കപ്പെട്ട നിലയില്‍ തുടരാനും ഭയം നിറച്ച് ചിലര്‍ക്കുമാത്രം ഭരണത്തില്‍ തുടരാനും സംഘപരിവാര്‍ മനഃപൂര്‍വം രാജ്യമെമ്പാടും സാമ്പത്തികവും സാമൂഹികവുമായ വിഷം പരത്തുകയാണ്. പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധ ശക്തികളെ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പരസ്യമായി പിന്തുണയ്ക്കുന്നു. വെറുപ്പിന്റെയും ഭയത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷത്തില്‍ ഒരു രാജ്യത്തിനും പുരോഗമിക്കാന്‍ കഴിയില്ല. സമാധാനമില്ലെങ്കില്‍ വികസനം വെറും മുദ്രാവാക്യം മാത്രമാണ്. തലകുനിക്കാത്ത, ഭയപ്പെടാത്ത, ഭരണഘടനയ്‌ക്കൊപ്പം ശക്തമായി നിലകൊളളുന്ന കൂടുതല്‍ ദീപക്കുമാരെ നമുക്കാവശ്യമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് സഹോദരാ, ഭയപ്പെടേണ്ട. താങ്കള്‍ ഒരു സിംഹമാണ്’: രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ജനുവരി 26-നാണ് ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ എഴുപതുകാരനായ വകീല്‍ അഹമ്മദ് എന്ന കച്ചവടക്കാരന്റെ ബാബ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിംഗ് സെന്റര്‍ എന്ന കടയുടെ പേരിലെ ബാബ എന്ന വാക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്. ഒരുകൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കടയിലെത്തി അഹമ്മദിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു.ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ രണ്ടാംകിട പൗരന്മാരാണോ എന്നും മുപ്പത് വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോട് ചോദിച്ചു. പേരാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്‌നം എന്നുകൂടി ദീപക് ചോദിച്ചു. ദീപക്കിനെ പിന്തുണച്ച് സമീപത്തുളള യുവാക്കള്‍ കൂടി രംഗത്തെത്തിയതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.