Uncategorized

ശബരിമല സ്വര്‍ണകൊളള; വി.എസ്.എസ്.സിയിലെ അതിസങ്കീര്‍ണ ശാസ്ത്രീയ പരിശോധന തുടരുന്നു

Spread the love

ശബരിമല സ്വര്‍ണകൊളളയില്‍ വി.എസ്.എസ്.സിയിലെ അതിസങ്കീര്‍ണ ശാസ്ത്രീയ പരിശോധന തുടരുന്നു. പാളികളില്‍ നിന്നുള്ള സാമ്പിളുകളുടെ ഡീകോഡിംഗ് പുരോഗമിക്കുന്നെന്നാണ് വിവരം. പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കുക അതീവ ശ്രമകരമെന്നാണ് വിശദീകരണം. നിലവില്‍ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ വിവരങ്ങള്‍ അവ്യക്തം. വി.എസ്.എസ്.സിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കും വരെ കുറ്റപത്രം തയാറാക്കുന്നത് വൈകും. (Sabarimala gold theft: VSSC continues its scientific investigation).അതേസമയം, കേസില്‍ കുറ്റപത്രം വൈകുന്നതിനാല്‍ കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യത്തിന് വഴിയൊരുങ്ങുകയാണ്. പ്രതികളില്‍ ഒരാളായ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ ഇന്ന് സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിക്കും. വിഎസ്എസ് സിയുടെ വിശദ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കുറ്റപത്രം തയ്യാറാക്കുന്നതിന് എസ്‌ഐടി കോടതിയുടെ അനുമതി തേടൂ.കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം അതിവേഗ നീക്കങ്ങള്‍ നടത്തുന്നതിനിടെ നടന്‍ കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളി എത്തിച്ചതിന്റേയും പോറ്റിക്കൊപ്പം ജയറാം പൂജയില്‍ പങ്കാളിയായതിന്റേയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. 2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക സ്വര്‍ണപ്പാളി പണി പൂര്‍ത്തിയായ ശേഷം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ ചെയ്യുകയായിരുന്നു. സ്മാര്‍ട്ട് ക്രിയേഷനില്‍ നടന്ന കട്ടിളപ്പാളികളുടെ പൂജാ ചടങ്ങിലും ജയറാം പങ്കെടുത്തിരുന്നു.

ഒരു അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വര്‍ണപ്പാളികളുടെ പൂജാ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ജയറാം അന്വേഷണസംഘത്തോട് വിശദീകരിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനാണെന്ന് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധവുമില്ലെന്നും ജയറാം പറഞ്ഞു. ശബരിമലയിലെ ഒരാള്‍ എന്ന നിലയില്‍ മാത്രമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയം. മറ്റ് യാതൊരു ബന്ധമോ സൗഹൃദമോ ഇല്ലെന്നും ജയറാം എസ്ഐടിയോട് വ്യക്തമാക്കിയതായാണ് വിവരം.