‘ആഗ്രഹിക്കുന്നത് രാഷ്ട്രീയ പോരാട്ടം; ഏത് എതിരാളി വന്നാലും നേരിടാൻ UDF സജ്ജം’; വിഡി സതീശൻ
നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ ഏത് എതിരാളി വന്നാലും നേരിടാൻ യുഡിഎഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂരിൽ ആഗ്രഹിക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. പിണറായി സർക്കാരിന്റെ 9 വർഷത്തെ ദുർഭരണം നിലമ്പൂരിൽ രാഷ്ട്രീയ വിചാരണ ചെയ്യും. സർക്കാരിന്റെ ദുഷ്ചെയ്തികൾ കേരളത്തിലെ ജനങ്ങളോട് മുഴുവൻ പറയാൻ കിട്ടുന്ന വലിയ അവസരം കൂടിയാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പെന്ന് വിഡി സതീശൻ പറഞ്ഞു.
പാർട്ടി സ്ഥാനാർത്ഥി വന്നാൽ യുഡിഎഫ് ഭയപ്പെടണമെങ്കിൽ ഇതിന് മുൻപ് എന്തുകൊണ്ട് പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തതെന്ന് വിഡി സതീശൻ ചോദിച്ചു. എൽഡിഎഫ് ആരെയൊക്കെ സമീപിച്ചിട്ടുണ്ടെന്ന് അറിയാമെന്നും അവർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. രാവിലെ വരെയും കോൺഗ്രസ് ക്യാമ്പിൽ അവർ സ്ഥാനാർത്ഥിയെ അന്വേഷിച്ചു. മറ്റാരെയും അന്വേഷിച്ചിട്ട് കിട്ടിയില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണക്കുമോ എന്നത് തീരുമാനിക്കേണ്ടത് പിവി അൻവർ ആണെന്നും പിന്തുണക്കുകയാണെങ്കിൽ യുഡിഎഫ് തീരുമാനം അപ്പോൾ പറയാമെന്നും വിഡി സതീശൻ വ്യക്തമാക്കി. പിവി അൻവറിനെ പ്രകോപിപ്പിക്കുന്ന തരത്തിലോ വിഷമിപ്പിക്കുന്ന തരത്തിലോ യുഡിഎഫിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടായിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി നാളെ പത്രിക സമർപ്പിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി നിലമ്പൂരിൽ എത്തുന്നതിന് മുൻപ് യുഡിഎഫിന്റെ ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.
