പീച്ചി ഡാം അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു; മരണം മൂന്നായി
പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് എറിന്റെ മരണം. വെള്ളത്തില്‍ മുങ്ങിയ മറ്റു രണ്ടു കുട്ടികള്‍ ഇന്നലെ മരിച്ചിരുന്നു. ആന്‍ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത്.
അതേസമയം, അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളായ നിമ ചികിത്സയില്‍ തുടരുകയാണ്. നിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ജൂബിലി മിഷന് ആശുപത്രി അറിയിച്ചു.
നാല് പെണ്‍കുട്ടികളാണ് പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തില്‍ വീണത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാല്‍വഴുതി വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് നാലുപേരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകടത്തില്‍പ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആന്‍ ഗ്രേസും, ഐറിനും, അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാള്‍ കൂടുന്നതിനാണ് പീച്ചിയിലേക്ക് എത്തിയത്. അപകടത്തില്‍പ്പെട്ട നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്കൂളിലെ വിദ്യാര്‍ഥിനികളാണ്.