പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവ് മരിച്ച നിലയിൽ
കർണാടകയിൽ പ്രതിശ്രുധ വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മദികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തിൽ നിന്നാണ് 32 കാരനായ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുധ വധുവിന്റെ അറുത്തുമാറ്റിയ തലയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്
32 കാരനായ പ്രകാശും 16 വയസുകാരിയായ മീനയും ഇന്നലെ വിവാഹിതരാകേണ്ടതായിരുന്നു. എന്നാൽ ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ വകുപ്പിനെ ആരോ അറിയിക്കുകയും അധികൃതരെത്തി വിവാഹം തടയുകയുമായിരുന്നു. ഒപ്പം പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പെൺകുട്ടിക്ക് 18 വയസായതിന് ശേഷം വിവാഹം കഴിപ്പിക്കുള്ളുവെന്ന് വീട്ടുകാർ തീരുമാനമെടുത്തു.
മണിക്കൂറുകൾക്കകം പ്രകാശ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ച് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. 100 മീറ്ററിനപ്പുറം വച്ച് പെൺകുട്ടിയുടെ തലയറുത്ത്, തലയുമായി കടന്നുകളയുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐപിസി സെക്ഷൻ 302, 307 പ്രകാരം പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.