National

17 ദിവസമായി പ്രാണൻ കയ്യിലെടുത്ത് 41 പേർ; സിൽക്യാര ടണൽ രക്ഷാദൗത്യം തുടരുന്നു; ശുഭപ്രതീക്ഷയില്‍ ദൗത്യസംഘം

Spread the love

ദില്ലി: സിൽക്യാര ടണൽ രക്ഷ ദൗത്യം തുടരുന്നു. പൈപ്പിനകത്ത് നിന്നുള്ള തുരക്കൽ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഇന്നലെ രാതി പത്ത് മണിയോടെ തുരക്കൽ ഒന്നര മീറ്റർ പിന്നിട്ടു. മറ്റ് പ്രതിസന്ധികൾ ഇല്ലെങ്കിൽ രക്ഷാപ്രവർത്തനം ഇന്ന് തന്നെ പൂർത്തിയാക്കാനാണ് ശ്രമം. വന മേഖലയിൽ നിന്ന് ലംബമായി കുഴിക്കുന്നതും തുടരുകയാണ്. ഇവിടെ 40 മീറ്ററോളം കുഴിക്കാൻ ആയെന്നാണ് സൂചന. അവസാനം തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇന്ന് 17 ദിവസമാണ്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.

പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിന്‍റെ ഭാഗങ്ങൾ പൂർണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയായിരിക്കും തുരക്കല്‍ തുടങ്ങുക. ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലിൽ എത്തി രക്ഷാദൗത്യം വിലയിരുത്തി. എന്നാൽ വിഐപി സന്ദർശനത്തിനിടെ തുരക്കാൻ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പലദിവസങ്ങളിലായുള്ള ഇത്തരം വിവിഐപി, വിഐപി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്. രക്ഷാദൗത്യം ആരംഭിച്ച് 16 ദിവസമായിട്ടും തൊഴിലാളികളെ രക്ഷിക്കാനാകാത്തത് ഏകോപനമില്ലാത്തതുകൊണ്ടാണെന്നാണ് വിമര്‍ശനം.