National

കർണി സേന തലവന്റെ കൊലപാതകം: രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

Spread the love

രാഷ്ട്രീയ രജ്പുത് കർണി സേന ദേശീയ അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി കൊലപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ശ്യാം നഗർ പൊലീസ് സ്റ്റേഷിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), ബീറ്റ് കോൺസ്റ്റബിൾ എന്നവരെ സസ്പെൻഡ് ചെയ്തതായി ജയ്പൂർ പൊലീസ് കമ്മീഷണർ. ഇരുവർക്കുമെതിരെ നടപടി വേണമെന്ന് സുഖ്ദേവ് സിംഗിൻ്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു.
സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം ബുധനാഴ്ച രാത്രി വൈകി അവസാനിച്ചെങ്കിലും പല നഗരങ്ങളിലും ഇപ്പോഴും പ്രകടനങ്ങൾ തുടരുകയാണ്. പ്രതികളെ 72 മണിക്കൂറിനുള്ളിൽ പിടികൂടുമെന്ന് പൊലീസ് രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഗോഗമേദിയുടെ ഭാര്യ ഷീല ഷെഖാവത്ത് പറഞ്ഞു. ഇതോടെയാണ് പല നഗരങ്ങളിലും പ്രതിഷേധം അവസാനിച്ചത്.

അതേസമയം കർണി സേനാ തലവന്റെ മൃതദേഹം ജയ്പൂരിലെ രജപുത്ര ഭവനിൽ പൊതുദർശനത്തിന് വച്ചു. രാവിലെ 7 മുതൽ ആരംഭിച്ച പൊതുദർശനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പൊതുദർശനത്തിന് ശേഷം മൃതദേഹം റോഡ് മാർഗം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ഗോഗമേദിയിലേക്ക് കൊണ്ടുപോകും. അന്ത്യകർമങ്ങൾ ഇവിടെ പൂർത്തിയാക്കും. ചൊവ്വാഴ്ചയാണ് സുഖ്‌ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടത്. അക്രമികൾ വീട്ടിൽ കയറി വെടിവച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തു. ഹരിയാന സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.