AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ
എഐസിസി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തൻ്റെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് രാധിക ഖേര കോൺഗ്രസ് വിട്ടത്.
ഛത്തീസ്ഗഢിലെ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയും രാധിക പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാൻ സമയം തേടി എങ്കിലും ലഭിച്ചില്ല എന്ന് രാധിക പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് രാധിക ഖേര ഉന്നയിച്ചത്.
രാഹുൽ ഗാന്ധി ട്രാവൽ വ്ലോഗ്ഗർ ആകാൻ ആഗ്രഹിക്കുന്നു. ന്യായ് യാത്രയിൽ പോലും ആരെയും രാഹുൽ കണ്ടില്ല. 5 മിനിറ്റ് നേരം ആളുകൾക്ക് നേരെ അദ്ദേഹം കൈകാണിച്ച് മടങ്ങുകയാണ് ഉണ്ടായത് എന്നും രാധിക പറഞ്ഞിരുന്നു. ചത്തീസ്ഗഢിലെ പാർട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടുവെന്നും പാർട്ടിയിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും രാധിക പറഞ്ഞിരുന്നു.