കൊച്ചി വാട്ടർ മെട്രോ രണ്ട് റൂട്ടുകളിലേക്ക് കൂടി; ഉദ്ഘാടനം ഇന്ന്
കൊച്ചി വാട്ടർ മെട്രോയുടെ പുതിയ നാല് ടെർമിനലുകളുടേയും രണ്ട് റൂട്ടുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. ഏലൂർ ടെർമിനലിൽ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.
മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർമിനലുകളാണ് പുതുതായി ആരംഭിക്കുന്നത്. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്നും അധികം വൈകാതെ തന്നെ സർവ്വീസുകൾ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.
സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിലായി 17.5 ലക്ഷത്തിലധികം യാത്രക്കാരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. നിലവിൽ ഹൈക്കോടതി ജംഗ്ഷൻ-വൈപ്പിൻ-ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയുടെ ഭാഗമായി സർവീസ് നടത്തുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും.