Kerala

വാത്സല്യപ്രകടനം മാത്രം’; മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് കെ സുരേന്ദ്രൻ

Spread the love

വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യം പ്രകടിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ലെന്നും വിഷയം വലിയ സംഭവമായി ഉയർത്തി കൊണ്ട് വരേണ്ടതാണെന്ന് കരുതുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സംഭവം സോഷ്യൽ മീഡിയയിൽ കണ്ടു. വലിയ സംഭവമായി ഉയർത്തി കൊണ്ട് വരേണ്ടതാണെന്ന് തോന്നുന്നില്ല. സുരേഷ് ഗോപി ആരോടും അപമര്യാദയായി പെരുമാറുന്ന ആളല്ല. വാത്സല്യത്തോടെ അദ്ദേഹം പെരുമാറിയതായിട്ടാണ് തനിക്ക് മനസ്സിലായത്. ഒരു മകളോടോ സഹോദരിയോടോ ഉള്ള വാത്സല്യം പ്രകടിപ്പിച്ചു എന്നുള്ളതിനപ്പുറം അതിൽ രാഷ്ട്രീയമായി ഒന്നും കാണേണ്ടതില്ല. സുരേഷ് ഗോപി എന്നു കേൾക്കുമ്പോൾ തന്നെ പ്രതിപക്ഷത്തിന് ഒരു വിഭ്രാന്തി വന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പുചോദിച്ച് രംഗത്തുവന്നിരുന്നു. മാധ്യമ പ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. അതേസമയം ബിജെപി നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും. മാധ്യമ പ്രവർത്തകയും മാധ്യമ സ്ഥാപനവും നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയത്.

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. മാധ്യമ പ്രവർത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.