Kerala

വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാർത്ഥികൾ

Spread the love

വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി കോളജ് വിദ്യാർത്ഥികൾ. കോട്ടയം ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർത്ഥികളാണ് എരുമേലി ഫോറസ്റ്റ് ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചത്. തെരുവുനാടകം അടക്കമുള്ള കലാപരിപാടികളിലൂടെയായിരുന്നു പ്രതിഷേധം.

വന്യജീവി ആക്രമണം സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ തന്നെ പ്രതിഷേധവുമായി എത്തിയത്. അധ്യാപകരുടെ പിന്തുണയോടെയായിരുന്നു ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം. എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർത്ഥികൾ ധർണയും പ്രതിഷേധ കലാപരിപാടികളും സംഘടിപ്പിച്ചു.

മനുഷ്യ ജീവൻ നഷ്ടപ്പെടുബോൾ അതിന് പകരമായി പണം നൽകിയത് കൊണ്ട് കാര്യമില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയ്യെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ബിവിഎം കോളേജിലെ എംഎസ്ഡബ്ല്യു കോഴ്സിലെ 70 വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കലയിലൂടെയും മറ്റും കൂടുതൽ പ്രതിഷേധങ്ങൾ ഉയർത്താനാണ് ഇവരുടെ തീരുമാനം.