Kerala

ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണം’; സർക്കാരിനെതിരെ താമരശ്ശേരി ബിഷപ്പ്

Spread the love

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണം. ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ സ്ഥാനത്ത് തുടരരുത്. വന്യജീവി ആക്രമണത്തിൽ ആളുകൾ തുടർച്ചയായി മരണപ്പെടുമ്പോഴും സർക്കാരിന് ഒരനക്കവുമില്ലെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ.

ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വര്‍ഷങ്ങളായുണ്ട്. മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കും? കൃഷിയിടത്തില്‍ എന്ത് ധൈര്യത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നും ബിഷപ്പ്.

‘പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ. കടലാക്രമണം ഉണ്ടായാല്‍ ആ ഭാഗത്ത് കടല്‍ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. കര്‍ഷകര്‍ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോള്‍ നഗരത്തിലുള്ളവര്‍ക്ക് ആ വിഷമം മനസിലാവില്ല. ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങള്‍ക്ക് നടത്തിത്തരണം’- മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.