സിദ്ധാർത്ഥൻ്റെ ആത്മഹത്യ; പ്രധാന പ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്
വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ ആത്മഹത്യയിൽ പ്രധാന പ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്. പ്രധാന പ്രതി സിൻജോ ജോണിനെ ഹോസ്റ്റലിലെത്തിച്ചു. തെളിവെടുപ്പിൽ മർദ്ദനത്തിനുപയോഗിച്ച ചില ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 18 പേരാണ് കേസിൽ ആകെ പിടിയിലായിരിക്കുന്നത്.
കോളജ് ഹോസ്റ്റലില്‍ അലിഖിത നിയമമുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനാണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത്. ഇതേതുടര്‍ന്ന് വീട്ടിലേക്ക് പോകും വഴി എറണാകുളത്തെത്തിയ സിദ്ധാര്‍ത്ഥന്‍ മടങ്ങിവന്നു. രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഡാനിഷാണ്. നിയമനടപടിയുമായി പോയാല്‍ കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
15ാം തീയതിയാണ് സിദ്ധാര്‍ത്ഥന്‍ വീട്ടിലേക്ക് പോകുന്നത്. ട്രെയിനില്‍ മടങ്ങുന്ന സിദ്ധാര്‍ത്ഥനെ കോളജ് മെന്‍സ് ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് 16ാം തീയതി രാവിലെ ഹോസ്‌ററലില്‍ തിരികെയെത്തിച്ചു. മുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ അന്യായ തടങ്കലില്‍ വച്ച സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ വച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചും അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റ് കൊണ്ടും കേബിള്‍ വയര്‍ കൊണ്ടും കൈകൊണ്ട് അടിച്ചും കാല് കൊണ്ട് തൊഴിച്ചും അതിക്രൂരമായി പീഡനത്തിന് ഇരയാക്കി. പൊതുമധ്യത്തില്‍ പരസ്യ വിചാരണ നടത്തിയും മര്‍ദിച്ചും അപമാനിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് കോളജിലെ ഒരു വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
‘സിദ്ധാര്‍ത്ഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലി. ഹോസ്റ്റലിന്റെ നടുവില്‍ പരസ്യ വിചാരണ നടത്തി. വരുന്നുവരും പോകുന്നവരും തല്ലി. ക്രൂരമായി ഉപദ്രവിച്ചു. ബെല്‍റ്റും വയറും ഉപയോഗിച്ചാണ് തല്ലിയത്. സിദ്ധാര്‍ത്ഥന്റെ ബാച്ചില്‍ ഉള്ളവര്‍ക്കും പങ്കുണ്ട്. അവനെ തല്ലിക്കൊന്നത് തന്നെയാണ്. പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാര്‍ കഴുകന്മാരേക്കാള്‍ മോശം. ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് പുറത്തുപറയാത്തത്’- വിദ്യാര്‍ത്ഥിനി ശബ്ദരേഖയില്‍ പറയുന്നു.