Kerala

പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് സ്കൂളിലെ വിവാദ നോട്ടിസ് പിൻവലിക്കും, ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Spread the love

പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാനും പഞ്ചസാര ശേഖരിക്കാനും സർക്കുലർ ഇറക്കിയ അൺ എയിഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നിർദേശം നൽകി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.

അൺ എയിഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് മാനേജർക്ക് നിർദേശം നൽകിയത്. അടിയന്തിരമായി നടപടി സ്വീകരിക്കാൻ ആണ് നിർദേശം നൽകിയത്. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ല. എന്നാൽ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ ഹെഡ്മിസ്ട്രസ് സി റോസിലി സ്വമേധയാ സർക്കുലർ ഇറക്കുകയായിരുന്നു.

ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു ബന്ധവുമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു അറിവും ഇല്ലാത്ത കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ആണ് പിരിവ് എന്ന് കൂടി ഹെഡ്‌മിസ്ട്രസിന്റെ സർക്കുലറിൽ ഉണ്ട്. ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണാജനകവുമാണ്. ഇതിനെതിരെയും നടപടിയുണ്ടാകും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.

ദൈനംദിന കാര്യങ്ങൾ അല്ലാതെ, കൃത്യമായ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കാതെ സ്കൂൾ തലത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്കൂളുകൾ തയ്യാറാകരുതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ല. അങ്ങിനെ അല്ലാത്ത പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യമാണ് സ്കൂൾ അധികൃതർ മുന്നോട്ടുവെച്ചത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കലോത്സവത്തിൻ്റെ വിഭവ സമാഹരണത്തിനായി കുട്ടികൾ വരുമ്പോൾ പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്നാണ് നോട്ടീസിൽ പറയുന്നത്.