ഒഡീഷയിൽ വൻ വാഹനാപകടം; എട്ട് മരണം, ഏഴ് പേർക്ക് പരിക്ക്
ഒഡീഷയിലെ കിയോഞ്ജറിൽ വൻ വാഹനാപകടം. നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ച് രണ്ട് കുടുംബങ്ങളിലെ എട്ട് പേർ മരിച്ചു. റോഡിൽ ചിതറിക്കിടന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
എൻഎച്ച്-20ൽ ബാലിജോഡിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗഞ്ചം ജില്ലയിൽ നിന്ന് ഘട്ഗാവിലേക്ക് ‘മാ തരിണി’ ക്ഷേത്രത്തിൽ പൂജ അർപ്പിക്കാൻ യാത്രക്കാരുമായി പോവുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ടിരുന്ന ട്രക്കിൽ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇടിയുടെ ആഘാതത്തിൽ മിനിബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. യാത്രക്കാർ റോഡിൽ ചിതറിക്കിടന്ന നിലയിലായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവത്തനം നടത്തിയത്.