‘പാലക്കാട്ടെ തോൽവിയ്ക്ക് കാരണം എം ബി രാജേഷിൻ്റെയും കെ ശാന്തകുമാരിയുടെയും ശൈലി’; CPIMൽ വിമർശനം
പാലക്കാട് ജില്ലയിലെ തോൽവിയിൽ മുൻമന്ത്രി എം ബി രാജേഷിനും കെ ശാന്തകുമാരിക്കുമെതിരെ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ഇരുനേതാക്കളുടേയും ശൈലി തൃത്താലയിലേയും കോങ്ങാട്ടേയും തോൽവിക്ക് കാരണമായെന്നാണ് കുറ്റപ്പെടുത്തൽ. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവി പാർട്ടി പരിശോധിക്കും.
തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ എംഎൽഎമാരായിട്ടും ജനങ്ങളുമായി ബന്ധമില്ലാതായി. പാലക്കാട് മണ്ഡലത്തിലെ വോട്ട് ചോർച്ച ഗൗരവതരമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. സിപിഐഎം സ്വാധീന മേഖലയിൽ പോലും തിരിച്ചടിയുണ്ടായി. പാലക്കാട് മണ്ഡലത്തിലെ സിപിഐഎം പ്രവർത്തനം നിർജീവമായെന്ന് കുറ്റപ്പെടുത്തി.അതേസമയം നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്ന് സിപിഐഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശം. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ച് പരാതികളുണ്ട്. അഡംബര ജീവിതശൈലി അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം. തിരഞ്ഞെടുപ്പ് മുദ്രാവാക്യവും പ്രകടന പത്രികയും ആകർഷകമായില്ലെന്നും റിപ്പോർട്ടിലുണ്ട്.
