Uncategorized

വിതുരയിലെ ആക്രമണം; മുഖംമൂടി സംഘം വെമ്പായം സ്വദേശികളെന്ന് സൂചന, വാഹനം മലപ്പുറം സ്വദേശിയുടെ പേരിൽ

Spread the love

 

വിതുര∙ പൊന്മുടിയിൽ വിനോദ സഞ്ചാര സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ വാനിന്റെ ചില്ല് തകർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വാഹനത്തെ പിന്തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയ മുഖംമൂടി സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. മുഖംമൂടി സംഘം വെമ്പായം സ്വദേശികൾ ആണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഇപ്പോഴും മലപ്പുറം സ്വദേശിയുടെ പേരിലാണ്. മലപ്പുറം സ്വദേശി വിറ്റ വാഹനം വെമ്പായം സ്വദേശി വാങ്ങിയിരുന്നു. എന്നാൽ ഉടമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ല.

 

അതേസമയം മലപ്പുറം സ്വദേശിയുടെ കയ്യിൽ നിന്ന് വാഹനം വാങ്ങിയ വെമ്പായം സ്വദേശി ഉൾപ്പെട്ട സംഘമാണോ കാറിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. വെഞ്ഞാറമൂട്, വെമ്പായം പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചതായി വിതുര പൊലീസ് അറിയിച്ചു. പൊന്മുടിയിൽ പാട്ടു വച്ച് ഡാൻസ് ചെയ്യുന്നതിനിടെയാണ് ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായത്. ബാലരാമപുരം സ്വദേശികളാണ് വാനിൽ ഉണ്ടായിരുന്നത്. കാറിൽ വന്ന വിനോദ സഞ്ചാരികളുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ വാനിലെ സംഘം മടങ്ങിയിരുന്നു. വിതുര കഴിഞ്ഞ് സംസ്ഥാന ഹൈവേയിലെ ഇരുത്തലമൂല ജംക്ഷനിൽ വാൻ എത്തിയപ്പോൾ മുഖംമൂടി സംഘം പിന്നാലെ എത്തി വാഹനം തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. പൊന്മുടിയിൽ നിന്ന് 28 കിലോമീറ്റർ അകലെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വാനിൽ വന്ന വിനോദ സഞ്ചാരികളെ പൊലീസ് തന്നെ ഇടപെട്ട് മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 30 ഓളം പേരാണ് വാനിൽ ഉണ്ടായിരുന്നത്.