Friday, May 29, 2026
Latest:
Uncategorized

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തു; സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

Spread the love

 

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തു. തിരുവനന്തപുരത്ത് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനു സസ്പെൻഷൻ. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് സസ്പെൻറ് ചെയ്തത്.

 

 

വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവിൽ പരാമർശം.

 

ഉത്തരവിന്റെ പകർപ്പ് 24 ന് ലഭിച്ചു. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിൽ അധ്യാപകനെതിരെ കേസുമെടുത്തു. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ ഇത് വൈരാഗ്യ നടപടി എന്ന് ഒരു വിഭാഗം അധ്യാപകർ പ്രതികരിച്ചു.

 

നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനെ പരാമർശിച്ച്‌ എഫ്‌ബി പോസ്‌റ്റ്‌ ഷെയർ ചെയ്‌ത കെഎസ്‌ആർടിസി ഡ്രൈവർക്ക്‌ 23 ദിവസത്തിനുശേഷം സസ്‌പെൻഷൻ ലഭിച്ചിരുന്നു. നെടുങ്കണ്ടം സബ്‌ ഡിപ്പോയിലെ ഡ്രൈവർ കല്ലാർ സ്വദേശി എസ്‌ സുനിൽകുമാറിനെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.

 

അതേസമയം വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

 

സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.

 

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐടി വകുപ്പ് ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.