ഫുട്‌ബോള്‍ ഫെഡറേഷനുമായി കരാര്‍ തര്‍ക്കം; കോച്ചിന്റെ നിസഹകരണത്തില്‍ സെനഗല്‍ ടീമിന്റെ അമേരിക്കന്‍ യാത്ര വൈകി
ഫിഫ ലോക കപ്പിനുള്ള സെനഗല്‍ ടീമിന്റെ അമേരിക്കയിലേക്കുള്ള യാത്ര കോച്ചിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകി. സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്എസ്എഫ്) ന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ആഗോള മാധ്യമങ്ങളില്‍ കോച്ചും ഫെഡറേഷനും തമ്മിലെ തര്‍ക്കം വാര്‍ത്തയായിരിക്കുന്നത്. സെനഗല്‍ കോച്ച് പാപ്പെ തിയാവ് ലോക കപ്പ് തയ്യാറെടുപ്പുകള്‍ക്കായി അമേരിക്കയിലേക്ക് പോകാന്‍ വിസമ്മതിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇത് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് എഫ്എസ്എഫും കോച്ച് തിയാവും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. എങ്കിലും ഫെഡറേഷനുമായുള്ള ചര്‍ച്ചകളെക്കുറിച്ച് നിരാശ പ്രകടിപ്പിച്ച അദ്ദേഹം ബുധനാഴ്ച യാത്ര തുടരുകയായിരുന്നു. എന്നാല്‍ എട്ട് മണിക്കൂര്‍ വൈകിയതായി ആഫ്രിക്കയിലെ വാര്‍ത്തമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു.അതേ സമയം പുറത്തായിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വെറും കിംവദന്തികള്‍ മാത്രമാണെന്നും ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍, ഫ്‌ളൈറ്റ് പെര്‍മിറ്റ്, വിസ സംബന്ധിച്ച കാര്യങ്ങളില്‍ കാലതാമസം വന്നതിനാലാണ് യാത്ര വൈകിയതെന്നാണ് ഇപ്പോള്‍ സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കുന്ന വിശദീകരണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ദേശീയ മാധ്യമങ്ങള്‍ക്കായി ഒരു പ്രസ്താവനയും ഫെഡറേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
