Uncategorized

‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം’: പുതിയ നിയമവുമായി താലിബാൻ

Spread the love

 

കാബൂൾ ∙ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ‘ഭാര്യാഭർത്താക്കന്മാർക്കിടയിലെ വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള നിയന്ത്രണത്തിലാണ് വിവാദപരമായ തീരുമാനം. ഇവ താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ചു. മേയ് പകുതിയോടെ ഭരണകൂടത്തിന്റെ ഔദ്യോഗിക ഗസറ്റിൽ ഇത് പ്രസിദ്ധീകരിച്ചെന്നും അഫ്ഗാനിസ്ഥാനിലെ ‘അമു ടിവി’ റിപ്പോർ‍ട്ട് ചെയ്തു. വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവയെ കുറിച്ചുള്ള കാര്യങ്ങളാണ് പുതിയ നിയമത്തിലുള്ളത്. രാജ്യാന്തര തലത്തിൽ വലിയ വിമർശനമാണ് പുതിയ നിയമത്തിന് എതിരെ ഉയരുന്നത്. ആർത്തവ പ്രായമെത്തിയ കന്യകയുടെ മൗനം വിവാഹത്തിനുള്ള സമ്മതായി കണക്കാക്കാമെന്ന് നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ ആൺകുട്ടിയുടെയോ വിവാഹിതയായ സ്ത്രീയുടെയോ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാനാകില്ലെന്നും നിയമത്തിലുണ്ട്. നിയമത്തിന്റെ 5-ാം അനുച്ഛേദം അനുസരിച്ച് കുട്ടിയുടെ പിതാവിനും മുത്തശ്ശനും ബാലവിവാഹം നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്. താലിബാൻ കോടതിയുടെ ഉത്തരവിലൂടെ മാത്രമേ കുട്ടിക്ക് ഈ വിവാഹബന്ധം റദ്ദാക്കാൻ സാധിക്കു. പൊരുത്തമില്ലാത്ത പങ്കാളിയോ വലിയ സ്ത്രീധനമോ ഉൾപ്പെട്ട വിവാഹങ്ങൾ സാധുവായി കണക്കാക്കില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു. 2021ൽ അധികാരത്തിൽ എത്തിയതിന് ശേഷം സ്ത്രീകളോടും കുട്ടികളോടുമുള്ള താലിബാന്റെ നിയന്ത്രണങ്ങളിൽ വിമർശനം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവും പുറത്ത് വന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം മൂന്നിൽ ഒന്ന് അഫ്ഗാൻ പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. പെൺകുട്ടികൾക്ക് ആറാം ക്ലാസ്സിന് ശേഷമുള്ള വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് സർവകലാശാലകളിൽ പ്രവേശനവും നിഷേധിച്ചിട്ടുണ്ട്.