‘ആര് മുഖ്യമന്ത്രിയായാലും ബുദ്ധിമുട്ടില്ല; കെസി വേണുഗോപാലിനെതരെ സഭ എന്നത് അവാസ്തവം’; ഓർത്തഡോക്സ് സഭ
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ, കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിന് ഓർത്തഡോക്സ് സഭ അനിഷ്ടം പ്രകടിപ്പിച്ചെന്ന വാർത്തകൾ അവാസ്തവമാണെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ സഭ ഇടപെടാറില്ല. വാർത്താസമ്മേളനത്തിൽ തന്നെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടും തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നത് ശരിയല്ലെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ വ്യക്തമാക്കി.മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് ജയിച്ച അതാത് പാർട്ടിയുടെ സംവിധാനത്തിനുള്ളിലാണ്. അതിൽ സഭകളോ സമുദായങ്ങളോ ഇടപെടാറില്ലെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് പറഞ്ഞു. ആര് മുഖ്യമന്ത്രിയായാലും സഭയ്ക്ക് ബുദ്ധിമുട്ടില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് പാർട്ടി ഒരു നല്ല തീരുമാനം എടുക്കുമായിരിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് എന്തോ ചില ബഹളങ്ങൾ നടക്കുന്ന കാഴ്ചകൾ കാണുന്നുണ്ട്. അതു ശരിയാണെങ്കിൽ, മലയാളത്തിലെ പഴഞ്ചൊല്ലായ ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നു പറയുന്ന അതേ പ്രവണതയാണ് കാണുന്നത്. ഞങ്ങൾ ജയിച്ചു എന്നതുകൊണ്ട് ഇങ്ങനെ ഓരോ വിഷയങ്ങളുണ്ടാക്കി ജനത്തെ ബുദ്ധിമുട്ടിക്കാൻ പാടില്ല എന്നത് ജയിച്ചവരും മനസ്സിലാക്കണം എന്നതു യാഥാർത്ഥ്യമാണെന്നായിരുന്നു നേരത്തെ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞിരുന്നത്.
