Monday, May 25, 2026
Latest:
Uncategorized

’10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കാം എന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു, മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; മുനമ്പം ഭൂമി തർക്കത്തിൽ വിമർശനവുമായി ദീപിക

Spread the love

 

സംസ്ഥാന വഖഫ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക മുഖപത്രം. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതു ചൂണ്ടാക്കിട്ടിയാണ് മുഖപ്രസംഗം. അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം പത്തു മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പഴയ പ്രസ്താവനയും ഓർമപ്പെടുത്തിയാണ് ദീപികയുടെ വിമർശനം.മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.

 

 

മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ലെന്നും മതേതര കേരളത്തെയാണെന്നും പറയുന്നു. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണെന്നും തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്‍റെ പങ്ക് ചരിത്രത്തിലുണ്ടാകുമെന്നും എ‍ഡിറ്റോറിയലിൽ പറയുന്നു.

 

വഖഫിന്‍റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ വെട്ടിമുറിച്ചു കൊണ്ടേയിരിക്കുമ്പോൾ, ഇരകളേക്കാൾ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണമെന്നും ദീപിക വിമർശിച്ചു. വഖഫ് ബോർഡിന്‍റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ ‘10 മിനിറ്റ്‌ വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്‍റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകുമെന്നും എങ്ങോട്ടും പോകില്ലെന്നും പറഞ്ഞാണ് ദീപിക മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.