ഇന്ന് അക്ഷയതൃതീയ; വിലക്കയറ്റത്തിലും വില്‍പ്പന കുതിക്കുമെന്ന പ്രതീക്ഷയോടെ ജ്വല്ലറികള്‍;പോയ വര്‍ഷം നടന്നത് 1,500 കിലോയുടെ കച്ചവടം
ഇന്ന് അക്ഷയതൃതീയ. സ്വര്‍ണം പവന് ഒരു ലക്ഷത്തിന് മുകളില്‍ വിലയിലാണെങ്കിലും ദിവസത്തിന്റെ സവിശേഷത മൂലം വില്‍പ്പന കുതിക്കുമെന്ന പ്രതീക്ഷയാണ് ജ്വല്ലറികള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം അക്ഷയതൃതീയ ദിനത്തില്‍ ഗ്രാമിന് 8,980 രൂപയായിരുന്നെങ്കില്‍ ഇന്ന് 14,080 രൂപയാണ് വില. ഒരു വര്‍ഷം കൊണ്ട് ഒരു പവന് ഉണ്ടായത് 42,400 രൂപയുടെ വര്‍ധനയാണ്. (today is akshaya tritiya 2026)
കഴിഞ്ഞ വര്‍ഷത്തെ അക്ഷയതൃതീയ ദിവസം കേരളത്തിലെ പന്ത്രണ്ടായിരത്തോളം സ്വര്‍ണാഭരണശാലകള്‍ വിറ്റഴിച്ചത് 1,500 കിലോഗ്രാം സ്വര്‍ണമാണ്. അക്ഷയതൃതീയ ദിനം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യദായകമെന്ന് വിശ്വസിക്കുന്നവര്‍ വില എത്രയായാലും ഒരു തരി പൊന്ന് വാങ്ങും. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം കുടുംബങ്ങളാണ് അക്ഷയതൃതീയ ദിവസം സ്വര്‍ണം വാങ്ങിയതെന്ന് കണക്കുകള്‍ പറയുന്നു.വിലക്കണക്കില്‍ പറയുകയാണെങ്കില്‍ പ്രതിദിനം സാധാരണ 200 കോടി മുതല്‍ 300 കോടി വരെ കച്ചവടം നടക്കുന്ന സ്ഥാനത്താണ് 1,500 കോടിയുടെ കച്ചവടം അക്ഷയതൃതീയ ദിനത്തില്‍ നടന്നത്. വില തുടര്‍ച്ചയായി ഉയരുന്നതിനാല്‍ ചെറിയ തൂക്കത്തിലുള്ള ആഭരണങ്ങളാണ് വിറ്റഴിഞ്ഞതില്‍ കൂടുതലുമെന്ന് വ്യാപാരികള്‍ പറയുന്നു. മൂക്കുത്തി,ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ എന്നിവയ്ക്കായിരുന്നു ഏറെ ആവശ്യക്കാര്‍.
സ്വിഗ്ഗി ഇന്‍സ്റ്റ മാര്‍ട്ട് വഴിയും ഇന്ന് സ്വര്‍ണം വാങ്ങാന്‍ സൗകര്യമുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ സ്വര്‍ണം-വെള്ളി ഇന്‍സ്റ്റ മാര്‍ട്ടിലൂടെ വാങ്ങാം. പണിക്കൂലിയില്‍ 50 ശതമാനം ഇളവ് വരെ നല്‍കി ജ്വല്ലറികളുടെ ഓഫറുകളുമുണ്ട്.
കഴിഞ്ഞ വര്‍ഷം അക്ഷയതൃതീയക്ക് ഗ്രാമിന് 8,980 രൂപയും പവന് 71,840 രൂപയുമായിരുന്നു വിലയെങ്കില്‍ ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,080 രൂപയും പവന് 1,14,240 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ അക്ഷയതൃതീയയില്‍ നിന്ന് ഈ അക്ഷയതൃതീയയിലെത്തുമ്പോള്‍ ഒരു പവന് കൂടിയത് 42,400 രൂപയാണ്. ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിച്ചവര്‍ക്ക് 61 ശതമാനം റിട്ടേണ്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണവില ഇതാണെങ്കിലും ഒരു പവന്റെ ആഭരണം വാങ്ങാന്‍ 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയും ചേര്‍ത്ത് 1,23,500 രൂപ നല്‍കേണ്ടി വരും.
